Tuesday, July 26, 2011

ഭീമന്‍

Poem by S.Salim Kumar

അവര്‍ പണിയുന്ന നഗരത്തിലവ
രടിമകള്‍ പിതാവധികാരഭീമ
നടക്കി വാഴുന്നു, സകല ലോകവു
മവന്റെ കൊട്ടിനു ചുവടു വയ്ക്കുന്നു.
അവരുടെ ഹൃത്തു മവരുടെ ജീവ
ധമനിയും ദിനചരിതവും, ചോര
വിയര്‍പ്പുകള്‍ വീണു നനഞ്ഞ ഭൂമിയു
മതിന്‍ ഋതുക്കളുമടക്കി വാഴുവോ
നധികാര ഭീമന്‍ നഗരരാക്ഷസന്‍ ..
അസുഖ വിത്തുകളവന്‍ വിതയ്ക്കുന്നു
കലപ്പകള്‍ ജീവനുഴുതു മാറ്റുന്നു.
ശിലാ ഹൃദയത്തില്‍ തരി വെളിച്ചവു
മെഴാതവന്‍ ചാട്ട ചുഴററിയോതുന്നു:
പണി കഴിക്കുക പടകുടീരങ്ങള്‍
പട തുടങ്ങുവാന്‍ സമയമാവുന്നു.
അവനതിഭീമനതിശക്തന്‍ രുദ്രന്‍
അവനു കേഴ്വിയില്ലവനു കാഴ്ചയു
ണ്ടവന്റെ വാഴ്ത്തുകള്‍ ജനമുരയ്ക്കുന്നു..
ശതനിലസൌധമതിന്നറകളില്‍
തല പുകച്ചിരുന്നഹര്‍നിശം ധന
ഗണനകള്‍ ചെയ്‌വൂ ജനസമുച്ചയം ..
അവനു കാണുവാനരങ്ങുകള്‍ തോറും
അണി നിരത്തുന്നു വിശേഷ ദ്രവ്യങ്ങള്‍
അവനല്ലോ ബകന്‍ അവന്‍ തന്നെ ഭീമ
നവനില്ല ദയ ,ഹൃദയവുമില്ല.
അവന്നകം പൊള്ള തലയ്ക്കകം ശൂന്യം
അവന്‍ ഭരിക്കുന്നുണ്ടുലകു മൊത്തവും.
അവന്‍ ഞൊടിക്കുമ്പോളടിമകളായി
ജനമഖിലവുമവന്നൊപ്പം പോകും.
അവനൊരിക്കലും പിരിയില്ല നമ്മെ
അവനെ നമ്മളും പിരിയില്ല, ധന
പ്പെരുമഴ പെയ്തു നിലമെരിച്ചവ
നുറഞ്ഞു നില്‍ക്കുമ്പോള്‍ തൊഴുതു നട്ടെല്ലു
വളച്ചു നില്‍ക്കുന്നു ജനമഖിലവും.
അവന്‍ ഞൊടിക്കുമ്പോളണുബോംബു വീഴും
ഭുവനഹൃത്തടമഗാധ ഗര്‍ത്തമാ
യനവധി യുഗമമര്‍ന്നിരുന്നിടും..
അവനതിഭീമനതിശക്തന്‍ രുദ്ര
നധികാരസര്‍വ്വ, മവന്നൊരാര്‍ദ്രമാം
മനസ്സു നല്കുവോ നവതരിക്കുവ
തെവിടെ നിന്നാകാം? ധ്രുവസരിത്തിലോ
കിഴക്കു ദിക്കിലോ, പെരുങ്കടലിലെ
ബഡവജ്ജ്വാല തന്നബോധ ഹൃത്തിലോ ?
പറയുക ജ്ഞാനകുലപ്പെരുമാളേ....

No comments:

Post a Comment