Monday, October 14, 2024

കവിത :: മഹാഭാരതം

എസ്. സലിംകുമാർ




മൃഗശീര്‍ഷനാം രാജാവെത്തുന്നു പടനില
ത്തെതിര്‍ക്കാന്‍ മൃഗകായന്‍ പ്രമുഖ ശത്രു പണ്ടേ.
യുദ്ധമായ്‌ മഹാദ്വന്ദ യുദ്ധമായ്‌ മൃഗശീര്‍ഷന്‍
തന്നുടെയധികാരമകുടം തെറിക്കുന്നു
മകുടം ലഭിച്ചതോ മൃഗകായനാണവന്‍
ഭരിച്ചു കുറേക്കാലം മകുടം തെറിക്കാതെ
ശാന്തിയായ് കുറേക്കാലം.. മുടിഞ്ഞു ജനാവലി..
അത്ഭുതം !മഹാത്ഭുതം!! പത്രങ്ങളുല്‍ഘോഷിച്ചു.
അങ്ങനെ യടങ്ങുമോ ശാന്തിയാല്‍ ഭടവൃന്ദം?
പിന്നെയും തുടങ്ങലായ് യുദ്ധമേ..മഹായുദ്ധം.
പൂര്‍വാവതാരങ്ങളോ പുതുതായവതരി
ച്ചെത്തുന്നു നവയുദ്ധ യോജ്യരായ് സന്നദ്ധരായ് .
കൃഷ്ണനും സുയോധന വൃന്ദവുമൊരു പക്ഷം
ഭീഷ്മരും കുന്തീപുത്രര്‍ മൂവരും മറു പക്ഷം.
നകുലസഹദേവസോദരര്‍ നിക്ഷ്പക്ഷരായ്
കാരണം മാദ്രീപുത്രര്‍ മറ്റോരമ്മതന്‍ മക്കള്‍ .
പൊരിഞ്ഞ പോരാട്ടമായസ്ത്രങ്ങളഗ്നി,ബ്രഹ്മം !
ആവനാഴികള്‍ മൊത്തം ശൂന്യമായവസാനം
കൃഷ്ണനും പിതാമഹഭീഷ്മരും മാദ്രീപുത്രര്‍
രണ്ടാളും ശിഖണ്ടിയുമല്ലാതെയൊരുത്തരും
ശേഷിച്ചതില്ല യുദ്ധഭൂമിയില്‍, സമാധാനം
കാംക്ഷിച്ചു നിന്നൂ സര്‍വ വീരരും പക്ഷേ യുദ്ധ-
മില്ലെങ്കില്‍ ലഭിക്കുമോ വീരര്‍ക്ക് സമാധാനം?
പകിട, ബലാല്‍ക്കാരം, പടഹം, മഹാഗീത..
സര്‍വ്വതും സന്നദ്ധമായ്, തുടങ്ങീ വീണ്ടും യുദ്ധം.
പോരെന്തു കിടച്ചാലും, പോരുതാന്‍ മഹാശ്ചര്യം!
യുദ്ധമോ തീര്‍ന്നു, സഹദേവനും നകുലനും
യുദ്ധഭൂമിയില്‍ നിന്നൂ പിന്നെയും യുദ്ധത്തിനായ്‌..
ശിഖണ്ഡി മധ്യസ്ഥനായ്‌, യുദ്ധമായ്‌, മഹാ
ദ്വന്ദ്വയുദ്ധമായ്‌ മഹാമന്ത്ര വാദികള്‍ കളിക്കയായ്.
നകുലന്‍ മൃഗശീര്‍ഷനാവുന്നു, സഹദേവ
നാവുന്നു മൃഗകായന്‍ - യുദ്ധമായ്‌ മഹായുദ്ധം!
കൃഷ്ണനും പിതാമഹ ഭീഷ്മരും കുന്തീപുത്രര്‍
മൂവരും സുയോധനര്‍ സര്‍വ്വരുമക്ഷൌഹിണീ
വൃന്ദവും പാഞ്ചാലിതന്‍ മുടിയും ഗാന്ധാരിതന്‍
കണ്‍കളും പണ്ടേപ്പോലെ യെടുത്തു മഹാജന്മം..
യുദ്ധമായ്‌ പൂര്‍വാധികം ഭംഗിയായ്‌ മഹാശ്ചര്യം!!

No comments:

Post a Comment